ശൈഖുന_കെസി_ജമാലുദ്ദീൻ_മുസ്‌ലിയാർ_ വഫാത്ത്_ദിനം

 #ദുൽഖഅദ്_5


#ശൈഖുന_കെസി_ജമാലുദ്ദീൻ_മുസ്‌ലിയാർ_ വഫാത്ത്_ദിനം


✍🏻 സ്വലാഹുദ്ദീൻ വെളിമുക്ക്


Facebook 

       കേരളത്തിൽ സുന്നത്ത് ജമാഅത്തിന്റെ പ്രബോധന ഗോദയിൽ മുൻപന്തിയിൽ നിലകൊള്ളുകയും മുസ്ലിം കേരളത്തിൻ്റ ആധികാരിക മതപണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിറസാന്നിധ്യവുമായിരുന്നു. കെസി ജമാലുദ്ദീൻ മുസ്‌ലിയാർ(ന:മ)


സമസ്തക്ക് വേണ്ടി ജീവിതം മുഴുവൻ ഓടിനടന്ന്  ജില്ല താലൂക്ക് മണ്ഡലം തലങ്ങളിലേക്ക് സമസ്തയുടെ ഘടകങ്ങളെ വ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ സജീവമാക്കുകയും ചെയ്യുന്നതിന് നേതൃത്വം നൽകിയ നായകരിൽ പ്രധാനിയാണ് മഹാനവർകൾ.


പതിറ്റാണ്ടുകളോളം ദർസീ രംഗത്ത് ജ്വലിച്ചുനിന്ന ഒരുപാട് ശിക്ഷ ഗണങ്ങളെ വാർത്തെടുത്ത വിജ്ഞാനത്തിന്റെ നിറകുടം.ദീനീരംഗത്ത് സമസ്തയും രാഷ്ട്രീയ രംഗത്ത് മുസ്ലിം ലീഗും അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ തന്നെ ഭാഗമായിരുന്നു.


മഹാനവർകളുടെ പ്രസംഗശൈലി അനുയായികളിൽ ആനന്ദവും, എതിരാളികളിൽ ഹാലിളക്കവും സൃഷ്ടിക്കുമായിരുന്നു."സമസ്തയെ കുത്തിയാൽ ഏതു കൊമ്പിന്റെയും കൊമ്പു മുറിയുകയല്ലാതെ, സമസ്തക്ക് യാതൊന്നും  പറ്റുകയില്ല" ഈ പ്രഖ്യാപനം ഇന്നും അന്തരീക്ഷത്തിൽ മാറ്റൊലി കൊള്ളുകയോണ്!

സുന്നി കൈരളിയുടെ നികത്താൻ ആവാത്ത വിടവ് നിലച്ചിട്ട് രണ്ടര പതിറ്റാണ്ട് പൂർത്തിയാവുകയാണ്.


#ജനനം


കുന്നുമ്മൽ ചെറിയ മുസ്ലിലിയാരകത്ത് തറവാട്ടിൽ ഹസ്സൻകുട്ടി മുസ്ലിയാരുടെയും ഖദീജ ഹജജുമ്മ ദമ്പതികളുടെ മകനായി മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ മഞ്ചേരി കടുത്ത പയ്യനാട് പണ്ഡിത കുടുംബത്തിൽ 1926 (ഹിജ്റ 1345, റബീഉൽ ആഖിർ 1) ലാണ് മഹാനവർകൾ ജനിച്ചത്


#പഠനം


മഞ്ചേരി ഹിദായത്തുൽ മുസ്ലിമീൻ മദ്രസയിൽ നിന്നും മഞ്ചേരി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി ശേഷം മഞ്ചേരി ജുമാ മസ്ജിദിൽ  ദർസ് പഠനവും ആരംഭിച്ചു. തുടർന്ന് മുടിക്കോട്, പാപ്പിനിപ്പാറ, കുഴിപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ ദർസ് പഠനം നടത്തി ശേഷം വെല്ലുർ ബാഖിയാതിൽ നിന്ന് ബാഖവി ബിരുദം നേടി.


#ഉസ്താദുമാർ


പ്രസിദ്ധ പണ്ഡിതനും സൂഫിവര്യനുമായ നെല്ലിക്കുത്ത് മരക്കാരുട്ടി മുസ്ലിയാരാണ് പ്രഥമ ഗുരുവര്യർ. പിതൃവ്യൻ മുഹമ്മദ് മുസ്ലിയാർ, ഓ അബ്ദുറഹ്മാൻ മുസ്‌ലിയാർ, പോക്കർ കുട്ടി മുസ്ലിയാർ, ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്ലിയാർ, ശൈഖ് ആദം ഹസ്റത്ത്, അബൂബക്കർ ഹസ്റത്ത്, ശൈഖ് ഹസൻ ഹസ്റത്ത്, ഹുസൈൻ അഹ്മദ് മദനി, അല്ലാമാ മുഹമ്മദ് ഇബ്രാഹിം ബീഹാരി, ശൈഖുൽ അദബ് അല്ലാമാ ഇഹ്സാൻ അലി തുടങ്ങി മഹാ പ്രതിഭകളുടെയും ശിഷ്യത്യം സ്വീകരിച്ചാണ് പ്രവിശാലമായ ജ്ഞാനസാഗരം അധീനമാക്കിയത്.


#അധ്യാപനം


പഠനശേഷം സ്വന്തം നാടായ പയ്യനാട്, ദക്ഷിണ കേരളത്തിലെ പ്രധാന വിജ്ഞാനകേന്ദ്രമായിരുന്ന കായംകുളം ഹസനിയ്യ അറബി കോളേജ്, കരുവാരക്കുണ്ട്, പൊടിയാട്, മേൽമുറി, വടക്കക്കോട്, ജാമിയ നൂരിയ പട്ടിക്കാട്, പൊട്ടച്ചിറ അൻവരിയ അറബി കോളേജ്, നന്തി  ദാറുസ്സലാം, വർക്കല മന്നാനിയ്യ അറബി കോളേജിലും സേവനമനുഷ്ഠിച്ചു.


#ശിഷ്യന്മാർ


പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ, കാപ്പ് ഉമർ മുസലിയാർ, മേലാറ്റൂർ കുഞ്ഞാണി മുസ്ലിയാർ നെല്ലിക്കുത്ത് ഇസ്മായിൽ മുസ്ലിയാർ എൻ മുഹമ്മദ് മുസ്ലിയാർ എ പി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ തുടങ്ങി ഒട്ടേറെ പ്രമുഖ പണ്ഡിതന്മാർ ശൈഖുനയുടെ ശിഷ്യഗണങ്ങളിൽ പ്രധാനികളാണ്.


# പദവികൾ


സമസ്ത മുശാവറ മെമ്പർ, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ പ്രസിഡണ്ടായി രൂപംകൊണ്ട സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആദ്യ കാര്യദർശി, ഫത് വാ കമ്മിറ്റി അംഗം, 1976 മുതൽ മരണം വരെ സമസ്ത ജില്ലാ വൈസ് പ്രസിഡണ്ട് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്


# വഫാത്ത്


1999 ഫെബ്രുവരി 21( ദുൽഖഅദ് 5)ന്  എസ്കെഎസ്എസ്എഫ് ൻ്റെ ദശവാർഷിക മഹാസമ്മേളനം സദസ്സിൽ വെച്ച് ക്ഷീണം കാരണം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകവേ വഴിയിൽ വെച്ച് മഹാനവർകൾ വഫാത്തായി.

പയ്യനങ്ങാടി വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു.


നാഥൻ അവരുടെ പരലോക പദവി ഉയർത്തി കൊടുക്കട്ടെ.... ആമീൻ


🤲 അൽ ഫാത്തിഹ

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ

ನವೀನ ಹಳೆಯದು